കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നുവെന്നും പ്രതിയെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വെള്ള കാറാണ് കുട്ടിയെ ഇടിച്ചത് എന്ന തെളിവ് മാത്രമേ പൊലിസിന് ലഭ്യമായിരുന്നുള്ളൂ. നിരന്തരം നടത്തിയ അന്വേഷണത്തിലൂടെയാണ് വാഹനം കണ്ടെത്തിയത്. മതിലിൽ ഇടിച്ച കാർ ഇൻഷ്വറൻസ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. ഇങ്ങനെയാണ് പ്രതിയിൽ എത്തിച്ചേർന്നതെന്നും അപകടത്തിന് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവെെഎസ്പി വിവി ബെന്നി വ്യക്തമാക്കി. അന്വേഷണത്തിനിടെ 19,000 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്.
ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടിൽ അപകടം നടക്കുന്നത്. സംഭവത്തിൽ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും കുട്ടിയുടെ മുത്തശ്ശി 62 കാരിയായ ബേബി മരണപ്പെടുകയും ചെയ്തിരുന്നു. ഇരുവരെയും ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോകുകയായിരുന്നു.