രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്‍റെ 92 ശതമാനം ജോലികളും പൂർത്തിയാതായി ദക്ഷിണ റെയിൽവേ. പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്‍റെ നിര്‍മാണം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടാവസ്ഥയിലായതിനെത്തുടർന്ന് പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. പുതിയപാലത്തിന്‍റെ 92 ശതമാനം ജോലിയും പൂര്‍ത്തിയായതായി ചിത്രങ്ങൾ സഹിതമാണ് ദക്ഷിണറെയില്‍വേ അറിയിച്ചത്.
കടലിടുക്കില്‍ പാലത്തിനുവേണ്ട 333 തൂണുകളും നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. മറ്റുപ്രവർത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ഇന്ത്യയില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലമാണിത് 72.5 മീറ്റര്‍ നീളമുള്ള നാവിഗേഷണല്‍ സ്പാന്‍ കപ്പല്‍വരുമ്പോള്‍ കുത്തനെ ഉയരും. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായി പാലത്തിന്‍റെ ഒരുഭാഗം ലംബമായി ഉയരുന്നതുകൊണ്ടാണ് ഇതിനെ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ പാലം എന്ന് വിളിക്കുന്നത്. നാവിഗേഷണല്‍ സ്പാന്‍ 17 മീറ്ററാണ് ഉയരുക.പാലത്തിനടിയിലൂടെ രണ്ട് കപ്പലുകൾക്ക് ഒരേസമയം കടന്നുപോകാൻ സാധിക്കും. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഇതിനുസമാനമായ വെർട്ടിക്കൽ ലിഫ്റ്റ് പാലങ്ങളുണ്ട്.
പുതിയ പാലത്തില്‍ ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ടപ്പാതയ്ക്കുള്ള വീതി ഇതിനുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. 12.5 മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് പഴയ പാലത്തേക്കാള്‍ മൂന്നുമീറ്റര്‍ ഉയരം കൂടുതലുണ്ടാവും. പഴയ റെയിൽവേപാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിർമിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് പാലത്തിന്‍റെ പണി ആരംഭിച്ചത്.