Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നെന്മാറ ഇരട്ടക്കൊല ; പ്രതിയെ കുടുക്കിയത് വിശപ്പ്

പൊലീസ് പിടിയിലായപ്പോഴും വിശപ്പ് സഹിക്കാനാകാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്തമാര. നെന്മാറ പൊലീസ് സ്റ്റേഷന്‍ സെല്ലിലേക്ക് എത്തിച്ചപ്പോള്‍ ചെന്താമര ആദ്യം ചോദിച്ചത് ഭക്ഷണമായിരുന്നു. പൊലീസുകാര്‍ ഇഡ്ഡലിയും ഓംലറ്റും വാങ്ങി നല്‍കി. ഭക്ഷണം കഴിച്ചിട്ട് ചോദ്യം ചെയ്താല്‍ പോരെയെന്ന് പ്രതി ചോദിക്കുകയും ചെയ്തു. സെല്ലിലിരുന്ന് ഒരു കൂസലുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഇയാളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വിശപ്പ് തന്നെയാണ് ചെന്താമരയെ കുടുക്കിയതും. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റില്ലെന്ന് അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്‍ പോലീസിനോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ അനിയന്‍ ഉറപ്പായും വരുമെന്ന് ഇയാള്‍ പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കെണിയൊരുക്കി കാത്തിരുന്നതെന്നും ഡിവൈഎസ്പി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതില്‍ ഇയാള്‍ വീഴുകയും ചെയ്തു. 36 മണിക്കൂറോളം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ ചെന്താമര വിശന്നുവലഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷവും ഇതേ വിശപ്പ് കാരണമാണ് ചെന്താമര പിടിയിലായത്. ഭക്ഷണം കഴിക്കാന്‍ സഹോദരന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു അന്ന് ചെന്താമര പിടിയിലായത്. അതേസമയം തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരയെ ഇന്നലെ പൊലീസ് പിടികൂടിയത്. രാത്രി നെന്മാറ മാട്ടായിയില്‍ കൂട്ടതിരച്ചില്‍ നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജനശ്രദ്ധ മാറ്റാന്‍ വേണ്ടി പൊലീസ് ചെയ്ത തന്ത്രമാണ് ഇന്നലെ മാട്ടായിയില്‍ നടന്ന കൂട്ടതിരച്ചില്‍.

Leave A Reply

Your email address will not be published.