NATIONAL NEWS-ന്യൂഡൽഹി: വിദ്യാർഥികൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിക്കാനോ കയ്യിൽ ചരട് ധരിക്കുന്നത് വിലക്കാനോ സ്‌കൂൾ മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.
പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിച്ച മധ്യപ്രദേശിലെ സ്‌കൂൾ അധികൃതർക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ പലിവാലിന്റേതാണ് ഉത്തരവ്.
മധ്യപ്രദേശിലെ ദാമോഹിൽ സ്ഥിതി ചെയ്യുന്ന ഗംഗ ജമുന ഹയർ സെക്കന്‍ഡറി സ്‌കൂളിലെ മാനേജ്‌മെന്റ് പ്രതിനിധികൾ ഉൾപ്പടെ 11 പേർക്കെതിരായ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
10, 12 ക്ലാസുകളില്‍ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച കുട്ടികളുടെ ചിത്രം ഉൾപ്പെടുന്ന പോസ്റ്ററുകൾ സ്‌കൂൾ പുറത്ത് ഇറക്കിയതോടെയാണ് വിവാദം ആരംഭിച്ചത്.
എല്ലാ പെൺകുട്ടികളും ശിരോവസ്ത്രം ധരിച്ച് കൊണ്ടുള്ള ചിത്രമാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്.
എന്നാൽ പോസ്റ്ററിൽ ഉള്ള അഞ്ച് പെൺകുട്ടികൾ മുസ്‌ലിംമതത്തിൽപെട്ടവർ അല്ലായിരുന്നു.
ഇവരുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയിരുന്നത്.
തുടർന്ന് പോലീസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിലെ പ്രതികൾക്കാണ് കുറ്റകൃത്യം വീണ്ടും ആവർത്തിക്കരുത് എന്ന മുന്നറിയിപ്പൊടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സ്‌കൂളിലോ ക്ലാസ് മുറികളിലോ ഹിന്ദു, ജൈന മതത്തിൽപ്പെട്ട പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി ജാമ്യ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കുട്ടികൾ മതാചാരങ്ങളുടെ ഭാഗമായി കയ്യില്‍ ചരട് കെട്ടുന്നതോ നെറ്റിയിൽ തിലകം ചാർത്തുന്നതോ വിലക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മധ്യപ്രദേശ് വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ വായിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ ഖുർആൻ വായിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുന്നു എന്ന ആരോപണവും ചില വിദ്യാർഥികൾ ഉന്നയിച്ചിരുന്നു.