NATIONAL NEWS – മണിപ്പുരിൽ 2 സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാൽസംഗം ചെയ്ത സംഭവം സിബിഐ അന്വേഷിക്കും.
കേസ് വിചാരണ അസമിൽ നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതിനിടെ, ഇന്നലെ ചുരുചന്ദ്‌പുർ ജില്ലയിലെ സംഘർഷത്തിൽ കുക്കി യുവാവ് കൊല്ലപ്പെട്ടു.
കുക്കി ഗ്രാമത്തിന് കാവൽനിൽക്കുന്നവർക്കുനേരെയുണ്ടായ ബോംബാക്രമണത്തിലാണു യുവാവ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സംഘർഷം തുടരുകയാണ്.
മേയ് 4നാണു കാങ്പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തിലെ 2 കുക്കി സ്ത്രീകൾ ക്രൂരതയ്ക്ക് ഇരയായത്.
സംഭവത്തിന്റെ വിഡിയോ ജൂലൈ 19നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്നാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇതുവരെ 7 പേർ അറസ്റ്റിലായി.
കലാപവുമായി ബന്ധപ്പെട്ട 6 കേസുകൾ നിലവിൽ സിബിഐ അന്വേഷിക്കുന്നുണ്ട്. മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ നടന്ന സംഭവത്തിൽ വിചാരണ നിഷ്പക്ഷമാകില്ലെന്ന ആക്ഷേപത്തെത്തുടർന്നാണു മറ്റൊരു സംസ്ഥാനത്തേക്കു മാറ്റാൻ തീരുമാനിച്ചത്.
കുക്കി സംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ച തുടരുന്നുണ്ട്.