Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ശബരിമലയിൽ മകരവിളക്ക് ദര്‍ശനം ഇന്ന്

ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരുന്ന മകരവിളക്ക് ദര്‍ശനം ഇന്ന് നടക്കും. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനു ശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും. ഇന്ന് വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കു ശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.

സുരക്ഷയ്ക്കായി അയ്യായിരം പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍, ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റ് വാങ്ങി ആറരയോടെ മഹാ ദീപാരാധന നടക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് മകരവിളക്ക് മകരജ്യോതി ദര്‍ശനം സാധ്യമാകും. മകരവിളക്ക് ദര്‍ശനത്തിന് ശേഷം ഭക്തരെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.