Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ശബരിമല വെര്‍ച്വല്‍ക്യൂവിനോപ്പം കെഎസ്ആര്‍ടിസി ടിക്കറ്റുമെടുക്കാം

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പാടാക്കും. ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗതവകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനകത്ത് നിന്നുള്ള ദൂരത്താണെങ്കില്‍ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും.

തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും ക്രമീകരിച്ചു. തിരക്ക് അനുസരിച്ച് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അര മിനിറ്റ് ഇടവിട്ട് 200 ബസുകള്‍ നിലക്കല്‍- പമ്പ സര്‍വീസ് നടത്തും. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ ഭക്തജനങ്ങള്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാര്‍ക്കിങ്ങ് നിരോധിക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.