KERALA NEWS TODAY-തിരുവനന്തപുരം : ദേശീയപാതയിലെ ടോള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. നല്‍കിയ നിവേദനം കേന്ദ്രം തള്ളി.
മാസം ഒന്നരക്കോടിരൂപയാണ് ടോള്‍നിരക്കായി കെ.എസ്.ആര്‍.ടി.സി. നല്‍കുന്നത്.
സംസ്ഥാനത്ത് മാത്രമായി ഇത്തരമൊരു ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പ്പറേഷനുകള്‍ ടോള്‍ നല്‍കുന്നുണ്ട്.
ടോള്‍ കുടിശ്ശിക ബാധ്യതയായി മാറിയതിനെത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. ഇളവുതേടിയത്.
ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടോള്‍നിരക്ക് കുത്തനെ ഉയരും.
കെ.എസ്.ആര്‍.ടി.സി. ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് തിരുവനന്തപുരം-കാസര്‍കോട് പാതയാണ്.
റോഡപകടനിരക്ക് കൂടിയസംസ്ഥാനത്ത് പൊതുഗതാഗതമേഖല ശക്തിപ്പെടുത്തുന്നതോടെ ഇരുചക്രവാഹന ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സിക്ക് ടോള്‍നിരക്ക് അധിക ബാധ്യതയാകും. ടോള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാനാകുമെന്ന് കാണിച്ചാണ് കേന്ദ്രത്തെ സമീപിച്ചത്. ടോള്‍ റോഡുകള്‍ ഉപയോഗിച്ചാലും യാത്രക്കാരില്‍നിന്നും അധികനിരക്ക് ഈടാക്കാന്‍ കഴിയില്ല. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍നിരക്ക് ബാധ്യതയാകില്ല. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം.
ദേശീയപാതാവികസനം പൂര്‍ത്തിയാകുന്നതോടെ നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ രാത്രിസര്‍വീസുകള്‍ ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയും. എന്നാല്‍ ടോള്‍നിരക്കിലുണ്ടാകുന്ന വര്‍ധന കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.