കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും പരുന്ത് തിരിച്ചെത്തി. പരുന്ത് ഇതുവരെ 20 ഓളം പേരെ ആക്രമിച്ചു. ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് പിടികൂടുകയും കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിടുകയും ചെയ്തത്. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചു വരികയായിരുന്നു. ഈ പരുന്തിനൊപ്പം മറ്റൊരു പരുന്ത് കൂടി ഇവിടേക്ക് എത്തിയിട്ടുണ്ട്. ആളുകളെ പരുന്ത് ആക്രമിക്കുന്നുണ്ട്. കൂടാതെ വാഹനങ്ങളുടെ താക്കോലുകളടക്കം കൊത്തിയെടുത്ത് പറന്നു പോകുന്ന സാഹചര്യവുമുണ്ട്. പരുന്തിനെ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പും അധികൃതരും. പ്രദേശത്തെ നാട്ടുകാരിലാരോ വളര്‍ത്തിയ പരുന്താണിത്. അവര്‍ക്ക് ശല്യമായപ്പോള്‍ പറത്തി വിടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ക്കൊക്കെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറി.