Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനം ; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മുന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമെ സ്‌ഫോടക വസ്തു നിയമവും യുഎപിഎ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ നാലാം പ്രതി ഷംസൂദ്ദീനെ കോടതി വെറുതെവിട്ടിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പ് സാക്ഷിയാക്കിയായിരുന്നു കേസ് വിസ്തരിച്ചത്.

സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. 2016 ജൂണ്‍ 15ന് രാവിലെ 10.45ന് കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിയ്ക്ക് മുന്‍പില്‍ കിടന്ന ജീപ്പില്‍ നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സ്ഫോടനം നടത്തിയെന്നാണ് കേസ്. ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തിലായിരുന്നു ബോംബ് വെച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

Leave A Reply

Your email address will not be published.