Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് ആണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍. കേരളാ ഹൈക്കോടതി ജഡ്ജിയായും പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിനോദ് ചന്ദ്രന്‍ ചുമതല ഏല്‍ക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആകും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ശുപാര്‍ശ ചെയ്തത്. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളില്‍ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരളാ ലോ അക്കാദമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 1991 മുതല്‍ അഭിഭാഷകനായി പ്രാക്റ്റീസ് തുടങ്ങി. 2011 നവംബറില്‍ കേരളാ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി. തുടര്‍ന്ന് 2013ല്‍ അവിടെ തന്നെ സ്ഥിരം ജഡ്ജിയായി.

Leave A Reply

Your email address will not be published.