ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ന് കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിക്ഷേപകരുമായി ഇന്നും ചർച്ചകൾ നടത്തും. അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികൾ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഉച്ചകോടിയുടെ വേദിയിൽ പ്രഖ്യാപിച്ചിരുന്നു. ടൂറിസം മേഖലയിലും നിർമ്മാണ മേഖലയിലും കേരളം മുന്നോട്ട് കുതിക്കുകയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേർക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ എത്തുന്ന നിക്ഷേപകർക്ക് സാങ്കേതികമായ പ്രതിസന്ധികൾ ഉണ്ടാകില്ലെന്നും നിക്ഷേപകർ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിംബാബ്‌വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കും. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാകും. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിയ്ക്കെത്തും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.