നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിൽ മനംനൊന്ത് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അബ്ദുൾവാഹിദ് അറസ്റ്റിൽ. മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസാണ് ഭർത്താവിൻ്റെ മാനസിക പീഡനത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ഇതേ കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്താൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു. അബ്‌ദുൾ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബം ആരോപണം ഉയർത്തിയിരിക്കുന്നത്. 2024 മെയ് 27ന് ആയിരുന്നു ശഹാനയുടെ വിവാഹം.