Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തൃക്കാക്കര എൻസിസി ക്യാമ്പിലെ ആരോഗ്യ പ്രശ്നം : കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊച്ചി : തൃക്കാക്കര എൻസിസി ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാവുന്ന വൈറസിൻ്റെ സാന്നിധ്യം സാമ്പിളുകളിൽ കണ്ടെത്താനായില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. 600 ഓളം കുട്ടികളാണ് തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ എഴുപതിലധികം വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. പലർക്കും ഛർദ്ദിയും തലചുറ്റലുമാണ് അനുഭവപ്പെട്ടത്. തുടർന്നാണ് ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നത്തിനുള്ള വ്യക്തമായ കാരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. മെഡിക്കൽ റിപ്പോർട്ട് വന്നതോടെ ഭക്ഷ്യവിഷബാധ മൂലമാണ് ആരോഗ്യപ്രശ്നമുണ്ടായത് എന്ന ആരോപണം ഇല്ലാതാവുകയാണ്.


Leave A Reply

Your email address will not be published.