Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി. ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്. തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂണ്‍ പറത്തിയത്. പത്താമത് അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായായിരുന്നു പരിപാടി. ഏഴ് രാജ്യങ്ങളില്‍ നിന്നായി 11 ബലൂണുകളാണ് പരിപാടിക്കായി എത്തിച്ചിരുന്നത്. തമിഴ്‌നാട് പൊലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിന് നേതൃത്വം നല്‍കിയ രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് കര്‍ഷകരായ കൃഷ്ണന്‍കുട്ടിയും രാമന്‍കുട്ടിയും പാടത്തേക്കിറങ്ങിയപ്പോഴാണ് ആനയുടെ രൂപത്തിലുളള ഭീമന്‍ ബലൂണ്‍, തന്റെ കൃഷിയിടത്തിലേക്കിറങ്ങാന്‍ പാകത്തിന് താഴെക്കിറങ്ങി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൃഷി നശിക്കുമെന്ന ആശങ്കയൊന്നും കൃഷ്ണന്‍കുട്ടിക്കുണ്ടായില്ല,സുരക്ഷിതമായി താഴേക്കിറങ്ങാന്‍ സംഘത്തെ കൃഷ്ണന്‍കുട്ടിയും രാമന്‍കുട്ടിയും സഹായിച്ചു. ബലൂണിലെ ഇന്ധനം തീർന്നതിനെ തുടർന്ന് പാടത്ത് ഇടിച്ചിറക്കുകയായിരുന്നു.

Leave A Reply

Your email address will not be published.