കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ നാല് ദിവസമായി മരുന്ന് വിതരണം നിലച്ച സ്ഥിതിയിലാണ്. നാല് ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ ശ്രമിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നു വിതരണം ഈ മാസം പത്താം തീയതി മുതലാണ് വിതരണക്കാർ അവസാനിപ്പിച്ചത്. നാളിതുവരെയായി ചർച്ച നടത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. ഒരു മാസത്തെ കുടിശ്ശികയായ നാല് കോടി രൂപയാണ് നൽകിയത്. മുഴുവൻ തുകയും നൽകാതെ മരുന്നു വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി. മരുന്ന് വിതരണം നിലച്ചതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമായേക്കും. ന്യായ വില മെഡിക്കൽ ഷോപ്പിലെ പല മരുന്നുകളും ഇതിനോടകം തീർന്നതായാണ് വിവരം. ക്യാൻസർ രോഗികൾ ഉൾപ്പെടെയാണ് ഇതോടെ ബുദ്ധിമുട്ടിലാവുക. 90 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.