Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വിവാഹമോചന കരാറിൽ ഒപ്പ് വ്യാജമായി ഇട്ടു ; നടൻ ബാലയ്‌ക്കെതിരെ കേസ്

നടന്‍ ബാലയ്‌ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് അമൃതയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നല്‍കിയത്. എന്നാൽ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ബാലയുടെ പ്രതികരണം. നേരത്തെ സോഷ്യല്‍ മീഡിയയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു.

Leave A Reply

Your email address will not be published.