Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍

ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്ന് ഇ പി പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് ഇന്നും. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണിത്. ഞാന്‍ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും, ഇത് സംബന്ധിച്ച് സമഗ്രമായൊരു അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം എന്നുള്ളതാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നുമാണ് ഇപി ജയരാജന്‍ വ്യക്തമാക്കിയത്. അതേസമയം, പുസ്തകത്തിന്റെ പ്രകാശനം ഡി സി ബുക്‌സ് നീട്ടി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Leave A Reply

Your email address will not be published.