Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം

നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരനെയും അമ്മ മീനാക്ഷിയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങൾ നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയായ ചെന്താമര നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. തുടർന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ ജാമ്യം ലഭിച്ച് ഇയാൾ പുറത്തിറങ്ങിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയായിരുന്നു. തൻ്റെ ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പിന്നിൽ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കാട്ടിൽ ഒളിച്ച ഇയാളെ പൊലീസ് അതീവ ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.

ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ രണ്ട് മാസം മുൻപ് ജാമ്യത്തിലിറങ്ങിയത്. പ്രതി ജാമ്യത്തിലിറങ്ങിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു. ഇയാൾ വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാർഡ് മെമ്പർ മുഖാന്തിരം പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാട്ടുകാർ ഭയന്നത് പോലെ ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടിൽ കയറി വീണ്ടും രണ്ട് പേരെ കൂടെ ചെന്താമര കൊലപ്പെടുത്തിയത്.

Leave A Reply

Your email address will not be published.