സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലന പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന ബഹുമതി സ്വന്തമാക്കി ചേലേമ്പ്ര പഞ്ചായത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റി അക്വാറ്റിക് കോംപ്ലസിലാണ് നീന്തൽ സാക്ഷരത പദ്ധതി നടപ്പാക്കി വരുന്നത്. വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി ഒരു മാസത്തെ പരിശീലനമാണ് നൽകുക.
ഈ വർഷം ഇതുവഴി 500 കുട്ടികൾക്ക് പരിശീലനം പൂർത്തിയാക്കും. ഘട്ടം ഘട്ടമായി മുഴുവൻ പ്രൈമറിസ്കൂൾ വിദ്യാർത്ഥികൾക്കും നീന്തലിൽ പരിജ്ഞാനം ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടർ പരിശീലനം വേണ്ടവരെ യൂണിവേഴ്സിറ്റി നേരിട്ട് ഏറ്റെടുക്കും. 187 പേരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്.