KERALA NEWS TODAY-പാലക്കാട് : റബറിനും തെങ്ങിനും പുറമേ തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർവർഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയവ കൂടി കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി.
മാവിനു പാലക്കാട് ജില്ലയിൽ ലഭിക്കുന്ന ആനുകൂല്യം ഇനി സംസ്ഥാനം മുഴുവൻ ലഭിക്കും. ഒരേസമയം കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിനൊപ്പം സംസ്ഥാന വിള ഇൻഷുറൻസിലും ചേരാൻ കർഷകർക്കു തടസ്സമുണ്ടാകില്ല.
സംസ്ഥാന പദ്ധതിയിൽ നെല്ല്, പച്ചക്കറി തുടങ്ങിയവ കൃഷിയിറക്കി നിശ്ചിത ദിവസത്തിനകവും തെങ്ങു പോലുള്ള ദീർഘകാല വിളകൾ ഏതു സമയത്തും ഇൻഷുർ ചെയ്യാം. കൃഷിനാശത്തിനാണു പരിരക്ഷ ലഭിക്കുക.
അതേസമയം, കേന്ദ്രപദ്ധതിയിൽ പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റക്കുറച്ചിലുകൾ വിശകലനം ചെയ്ത്, വിളവിലുണ്ടാവുന്ന കുറവിനു പോലും പരിരക്ഷ ലഭിക്കും.
വിള പൂർണമായി നശിച്ചാൽ പരിരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന സംസ്ഥാനത്തു നിർത്തലാക്കും.
ഇത് ഒരു വർഷം കൂടി തുടരാൻ ധാരണയായിരുന്നെങ്കിലും പച്ചക്കറി ഉൾപ്പെടെ കേരളത്തിലെ 27 വിളകൾ കാലാവസ്ഥാധിഷ്ഠിത പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ തുടരേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം.