Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കാട്ടാന ആക്രമണത്തിൽ മരിച്ച മണിയെ ആശുപത്രിയിൽ എത്തിക്കാൻ ഒന്നരക്കിലോമീറ്ററോളം ചുമന്നതായി സഹോദരൻ

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് മണിയെ സഹോദരൻ ചുമന്നത് ഒന്നരക്കിലോമീറ്റർ. മണിയേയും ചുമന്ന് വാഹനസൗകര്യമുള്ള കണ്ണക്കൈ വരെയാണ് സഹോദരൻ സഞ്ചരിച്ചത്. അപകടം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായതെന്ന് ബന്ധു വിനോദ് പറഞ്ഞു. 6 45ന് അപകടം സംഭവിച്ച് 11 മണിയോടെയാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് വിനോദ് മാധ്യമങ്ങളോട് വ്യക്തമാക്കി. മൊബൈൽ റെയ്ഞ്ച് ഇല്ലാത്ത സ്ഥലമാണിത്. അപകട വിവരം സഹോദരൻ പോലും അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു. മണിയുടെ കയ്യിൽ അഞ്ചുവയസ്സുള്ള കുഞ്ഞ് ഉണ്ടായിരുന്നു. ആന ആക്രമിച്ചപ്പോൾ കുട്ടി കയ്യിൽ നിന്ന് തെറിച്ചു പോയി. കൂടെയുള്ളവർ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം ഉടൻ നൽകുമെന്ന് ഡിഎഫ്ഒ ധനിത് ലാൽ അറിയിച്ചു. ഉൾവനത്തിൽ വെച്ചാണ് ആന ആക്രമിച്ചത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കിയ ശേഷം വീട്ടിലേക്ക് പനിക്കുള്ള മരുന്ന് വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മണി. കണ്ണിക്കൈ എന്ന ഭാഗത്ത് ജീപ്പ് ഇറങ്ങി നടന്നുവരികയായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് കാട്ടാന തുമ്പിക്കൈ കൊണ്ട് മണിയുടെ തലക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave A Reply

Your email address will not be published.