കൊളറാഡോ : ജോലി ലഭിക്കാത്തതിന് കളിയാക്കിയ കാമുകനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയെ പിടികൂടി പൊലീസ്. 2020-ൽ നടന്ന സംഭവത്തിലാണ് ആഷ്‌ലി വൈറ്റ് എന്ന 29-കാരി അറസ്റ്റിലായത്. കൊളറാഡോയിലാണ് സംഭവം. അജ്ഞാതനായ ഒരു വഴിയാത്രക്കാരനെ ഉപയോഗിച്ചാണ് ഇവർ കാമുകനായ കോഡി ഡെലിസ(28)യെ കൊലപ്പെടുത്തിയത്. ബസിൽ വെച്ച് പരിചയപ്പട്ട ഒരു അജ്ഞാതനെ ഉപയോഗിച്ച് കാമുകി തൻറെ കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു.
2020-ൽ ഡെൻവറിൽ ജോലിക്കായുള്ള ഇൻറർവ്യൂ കഴിഞ്ഞ് ബസിൽ തിരികെ വരികയായിരുന്നു ആഷ്‍ലി വൈറ്റ്. ഫോണിൽ കോഡിയുമായി ചാറ്റ് ചെയ്യവേ തനിക്ക് ജോലി ലഭിക്കാൻ സാധ്യതയില്ലെന്ന് ഇവർ അറിയിച്ചു. ഇതിൽ അസ്വസ്ഥനായ കോഡി ഡെലിസ പ്രകോപനപരമായ സന്ദേശങ്ങൾ ആഷ്‍ലിക്ക് അയച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. പിന്നാലെ തനിക്കൊപ്പം ആഷ്‍ലി ബസിൽ യാത്ര ചെയ്തിരുന്ന അജ്ഞാതനായ ഒരാളുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. ‘സ്കോട്ട്’ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഇരുവരുടെയും സംഭാഷണത്തിനിടെ ആരെങ്കിലുമായി ആഷ്‍ലി ബന്ധത്തിലാണോയെന്നും അയാൾ ആഷ്‍ലിയെ ഉപദ്രവിച്ചോയെന്നും സ്കോട്ട് ചോദിച്ചറിഞ്ഞു. ആഷ്‍ലിയുടെ മറുപടിക്ക് പിന്നാലെ ഇരുവരും ചേർന്ന് ഡെലിസയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നാലെ ഇരുവരും നേരെ കോഡി ഡെലിസ താമസിക്കുന്ന വീട്ടിലെത്തി.
ടെക്‌സാസിൽ നിന്നുള്ള തൻ്റെ സഹോദരനാണെന്നാണ് കോഡിയോട് അപരിചിതനെ പരിചയപ്പെടുത്തിക്കൊണ്ട് ആഷ്‌ലി പറഞ്ഞത്. തുടർന്ന് കോഡിയുടെ തലയിൽ സ്കോട്ട് രണ്ടുതവണ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കൊലയാളികൾ കോഡി ഡെലിസയുടെ വാലറ്റ് മോഷ്ടിച്ച് സസ്ഥലം വിട്ടു. കുറച്ച് ദിവസങ്ങൾ ഇരുവരും പ്രദേശത്ത് ഒന്നിച്ച് ചെലവഴിച്ചു. പിന്നീടിവർ പരസ്പരം കണ്ടിട്ടില്ലെന്നാണ് പ്രോസിക്യൂട്ടർ പറയുന്നു.