KERALA NEWS TODAY-കൊച്ചി : അഭിമുഖത്തിന് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി വനിതയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബ് വ്‌ളോഗർ മല്ലു ട്രാവലർ രംഗത്ത്.
തനിക്കെതിരെ ഉയർന്ന പരാതി വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട് കേസിനെ നേരിടുമെന്ന് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാൻ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഭിമുഖത്തിനായി ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിത നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പരാതി നൂറ് ശതമാനം വ്യാജമാണെന്നും മല്ലു ട്രാവലർ പറയുന്നു.
‘ എന്നോട് ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരം ആണിതെന്ന് അറിയാം.
എന്റെ ഭാഗം കൂടി കേട്ടിട്ട് അഭിപ്രായം പറയണമെന്ന് അപേക്ഷിക്കുന്നു’- മല്ലു ട്രാവലർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, എറണാകുളം സെൻട്രൽ പൊലീസാണ് സൗദി വനിതയുടെ പരാതിയിൽ കേസെടുത്തത്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എറണാകുളത്തെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു