Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു ; പ്രതിഷേധിച്ച് യാത്രക്കാർ

തിരുവനന്തപുരം : അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം.രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-അബുദാബി വിമാനം വെള്ളിയാഴ്ച രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൂന്നുമണിയോടെ പലരും യാത്രയ്ക്ക് തയാറായി വിമാനത്താവളത്തിൽ എത്തിയിരുന്നു. അപ്പോഴാണ് വിമാനം വൈകുന്ന വിവരം അറിയുന്നത്. തങ്ങളുടെ കൈയിലുള്ള ഇന്ത്യൻ രൂപ ബന്ധുക്കളുടെ പക്കൽ ഏൽപ്പിച്ചാണ് മിക്ക യാത്രക്കാരും വിമാനത്തിൽ കയറാൻ തയാറായി വന്നത്. ഇതോടെ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണ് യാത്രക്കാർ. താമസവും, ഭക്ഷണവും നൽകാനാവില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും യാത്രക്കാർ പറഞ്ഞു.

Leave A Reply

Your email address will not be published.