Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പിടികൂടി

പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്. പ്രതിയെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറും. ഇന്നലെ രാവിലെ ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. തൻ്റെ കാശ് മുഴുവൻ പോയെന്നായിരുന്നു പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും അറിഞ്ഞത്. തുടർന്ന് ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്. പൊലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാൾ കൊച്ചി കൺട്രോൾ റൂമിലും വിളിച്ചിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ ജോലിക്ക് വന്നയാളാണ് ഹരിലാൽ എന്നാണ് വിവരം. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.