പാലക്കാട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ജീവനക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിൻ്റെയും ക്ലീനർ വർഗീസിൻ്റേയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. അപകടത്തിൽ പരിക്കേറ്റ ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസെടുക്കുന്ന നടപടികളിലേക്ക് നീങ്ങുക. എതിരെ വന്ന വാഹനത്തിൻ്റെ ഡ്രൈവർ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധയോടെയും അമിത വേഗത്തിലും വന്നു എന്നാണ് കേസ്. വാഹന ഉടമയെ വിശദമായി ചോദ്യം ചെയ്യും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് ലോറി ഡ്രൈവർ മൊഴി നൽകിയിരുന്നത്. ചാറ്റൽ മഴയും റോഡിലെ തെന്നലും നിയന്ത്രിക്കാനായില്ലെന്നും ലോറി ഡ്രൈവർ പറഞ്ഞിരുന്നു. അതേസമയം മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
പരിശോധനയിൽ അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ലോഡിൻ്റെ ഭാരം കൃത്യമായിരുന്നുവെന്ന് ആർടിഎ പറഞ്ഞു. ലോറിയുടെ ടയറുകൾക്ക് പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് അവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോർട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്ത് പനയമ്പാടത്തെ അപകട മേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയായിരുന്നുവെന്നും അതിനിടയിലാണ് അപകടമുണ്ടായതെന്നും ആർടിഎ അറിയിച്ചു.