പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജി വെച്ചു. അദ്ദേഹം രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി നീക്കം. രാജിയെ കുറിച്ച് അറിവില്ലെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ മാറ്റാനുറച്ച് മന്ത്രി എകെ ശശീന്ദ്രന്‍ വിഭാഗം രംഗത്തെത്തിയിരുന്നു. ചാക്കോ വിരുദ്ധ നീക്കത്തില്‍ തോമസ് കെ തോമസ് എംഎല്‍എയും ശശീന്ദ്രനൊപ്പം ചേര്‍ന്നു. പിസി ചാക്കോയെ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു എകെ ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടി ജനറല്‍ ബോഡി വിളിക്കണമെന്ന് പിസി ചാക്കോയോട് ആവശ്യപ്പെടുകയും ചെയ്തു.
എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് പിസി ചാക്കോയുടെ രാജി. മന്ത്രി മാറ്റത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നായിരുന്നു പിസി ചാക്കോയുടെ നിലപാട്. എന്നാല്‍ മന്ത്രി മാറ്റ വിഷയം ഈ വിധമല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന നിലപാടിലായിരുന്നു ചാക്കോ വിരുദ്ധ പക്ഷം. പിസി ചാക്കോ ഏകാധിപത്യഭരണം നടത്തുന്നു. പ്രസിഡന്റുമാരെ മാറ്റുന്നതല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പിസി ചാക്കോ ഒന്നും ചെയ്യുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തയാളാണ് പിസി ചാക്കോയെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എല്‍ഡിഎഫ് വിടാനുള്ള ചരടുവലി പിസി ചാക്കോ നടത്തുന്നുണ്ടെന്നാണ് സൂചന.