കൽപറ്റ : വയനാട് പുൽപ്പള്ളിയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങിയ സംഭവത്തിൽ പുതിയ കൂടൊരുക്കി വനംവകുപ്പ്. ഇതോടെ കടുവയെ പിടികൂടാനുള്ള ശ്രമം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് കൊന്ന ആടിൻ്റെ ശരീരം വെച്ചാണ് കടുവയെ പിടിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടർന്നത്. ദൗത്യത്തിൻ്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാൻ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയിൽ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയ പിടികൂടാനായിരുന്നില്ല. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കൂട്ടിലേക്ക് കടുവയെ കയറ്റാനുള്ള ദൗത്യമാണ് തുടരുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു.