മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ ആന തുമ്പി കൈക്കൊണ്ട് തൂക്കി എറിഞ്ഞു. ഭയന്നോടിയ 27 പേർക്ക് പരുക്കേറ്റു. മുക്കാൽ മണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്. രാത്രി 1 മണിക്ക് ആണ് സംഭവം. 1:45ഓടെയാണ് ആനയെ തളച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതിൽ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞയാൾ ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മറ്റൊരാൾക്ക് വാരിയെല്ലിനാണ് പരുക്കേറ്റത്. ഇയാൾ തിരൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നേർച്ചയുടെ സമാപന ദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ആന ഇടഞ്ഞത് കണ്ട് ഓടിയതിനിടെയാണ് 27 ഓളം പേർക്ക് പരുക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം മടങ്ങി. നാല് ദിവസമായാണ് ആണ്ട് നേർച്ച നടക്കുന്നത്. നിയമങ്ങൾക്കനുസൃതമായാണ് ആനയെ പരിപാടിയിൽ പങ്കെടുപ്പിച്ചത്. എട്ടോളം ആനകളാണ് പരിപാടിയിൽ പങ്കെടുത്തത്.