തൃശൂര്‍ : തൃശൂര്‍ വേല വെടിക്കെട്ടിന് അനുമതി തേടിയുള്ള അപേക്ഷയില്‍ എക്‌സപ്ലോസീവ്‌സ് കണ്‍ട്രോളര്‍ നാളെത്തന്നെ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. വേല വെടിക്കെട്ടിന് അനുമതി തേടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വേലയ്ക്ക് അനുമതി ലഭിച്ചാല്‍ വെടിക്കെട്ട് സംഭരണശാലയില്‍ നിന്ന് സാമഗ്രികള്‍ നീക്കം ചെയ്യാമെന്ന് ഇരു ദേവസ്വങ്ങളും എക്‌സ്പ്ലോസീവ്‌സ് കണ്‍ട്രോളര്‍ക്ക് ഉറപ്പ് നല്‍കണം.
അപേക്ഷയില്‍ അനുമതിയുണ്ടോയെന്ന കാര്യം ഉടന്‍ ദേവസ്വങ്ങളെ അറിയിക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ 2008ലെ എക്‌സ്‌പ്ലോസീവ്‌സ് ചട്ടങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ അതിവേഗം തീരുമാനമെടുക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചട്ടങ്ങളില്‍ ഇളവ് വരുത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സൊളിസിറ്ററുടെ നിലപാട് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജനുവരി മൂന്നിനും അഞ്ചിനുമാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന വേല വെടിക്കെട്ട്. വേലവെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതോടെ ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.