Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് ഇനി നടന്നുനീങ്ങാം

വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് നടന്നു പോകാൻ കഴിയുന്ന തരത്തിൽ നിർമിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും. തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം എത്തിയത്. ഇന്ന് വൈകിട്ട് 5.30-ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും. 37 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച കണ്ണാടിപ്പാലത്തിന് 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. ബോട്ടുജെട്ടിക്ക് സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും ഇന്ന് നടക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോയും നടക്കും. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. നാളെ രാവിലെ 9മണിക്ക് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും.

കടൽക്ഷോഭത്തെയും ശക്തമായ കടൽക്കാറ്റിനേയും പ്രതിരോധിക്കുവാൻ ഏറ്റവും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പാലം നിർമിച്ചിരിക്കുന്നത്. കണ്ണാടിപ്പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് നടന്ന് എത്തിച്ചേരാൻ സാധിക്കും. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലത്തിന്റെ മാതൃകയിലാണ് പാലം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.