കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ബസ് അപകടത്തിൽ പെട്ടത്. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. വലിയ ദുരന്തമാണ് ഒഴിവായത്.