പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് പെൺകുട്ടികൾ വീണ്ടും റിമാൻഡിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെ 11നാണ് പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂവരുടെയും ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. കേസിൽ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമവും ചേർത്ത് അന്വേഷണ ചുമതല ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. നവംബർ പതിനഞ്ചാം തീയതി വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് അമ്മു മരിച്ചത്. അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു . ഇതിൻറെ പേരിലും അമ്മുവിനെ മൂവരും മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.