Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 70,000 തീർഥാടകർ ബുക്ക് ചെയ്തുവെങ്കിലും 60,000 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ ഇത്തവണ ശബരിമലയിൽ എത്തിയത്‌. വൃശ്‌ചികം ഒന്നിന്‌ മണ്ഡലകാലം ആരംഭിച്ച്‌ അഞ്ച്‌ ദിവസം പിന്നിടുമ്പോൾ 3,17,923 പേർ ദർശനം നടത്തി. തീർഥാടകരുടെ എണ്ണം വർധിച്ചതിനനുസരിച്ച്‌ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ ലഭിച്ച വരുമാനത്തേക്കാൾ അഞ്ച്‌ കോടിയോളം രൂപ അധിക വരുമാനം ലഭിച്ചുവെന്നാണ്‌ ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്‌.

കഴിഞ്ഞ വർഷം നട തുറന്ന ആദ്യ ദിവസം 14,327 പേർ ദർശനം നടത്തിയപ്പോൾ ഇത്തവണയത്‌ 30,687 ആയി ഉയർന്നു. വൃശ്‌ചികം ഒന്നിന്‌ 72,656 പേരും രണ്ടിന്‌ 67,272 പേരും മൂന്നിന്‌ 75,959 പേരും നാലിന്‌ 64,489 പേരും ബുധൻ പകൽ രണ്ട്‌ വരെ 37,552 പേരും ഉൾപ്പെടെ 3,17,923 തീർഥാടകരാണ്‌ ഈ മണ്ഡലകാലത്ത്‌ എത്തിയത്‌. ഇതിൽ പത്ത്‌ ശതമാനത്തോളം മാത്രമാണ്‌ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെ എത്തിയത്‌. തീർഥാടകരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച്‌ വർധിച്ചെങ്കിലും വെർച്വൽ ക്യൂ കാര്യക്ഷമമായതും നട തുറന്നിരിക്കുന്ന സമയം രണ്ട്‌ മണിക്കൂർ ദീർഘിപ്പിച്ചതും പതിനെട്ടാം പടി കയറ്റുന്നതിലെ വേഗവും തിരക്ക്‌ ഒഴിവാകുന്നതിന് കാരണമായി.

Leave A Reply

Your email address will not be published.