ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് വിലയിരുത്തിയ ഹൈക്കോടതി അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെ ആണെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാൻ 2022ൽ വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയെ അവഹേളിച്ചു കൊണ്ട് അന്ന് മന്ത്രി നടത്തിയ പ്രസംഗത്തിൽ സജി ചെറിയാനെ അനുകൂലിച്ചായിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്.