സംസ്ഥാനത്ത് കുറുവ ഭീതി തുടരുന്ന സാഹചര്യത്തിൽ നടപടിയുമായി മരട് നഗരസഭ. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാൻ തീരുമാനമായി. നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭയെ സമീപിച്ചിരുന്നു. കുറുവ സംഘത്തിൽപ്പെട്ട സന്തോഷ് സെൽവം കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഇവർ സ്ഥിരം ശല്യക്കാരാണെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കിയിരുന്നു.കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൂരയിൽ, നാടോടി സംഘങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുടെ താമസം. താൽക്കാലിക ടെൻ്റിനുള്ളിൽ തറയിൽ കുഴിയെടുത്ത് അതിനുള്ളിൽ ചുരുണ്ടു കൂടി കിടന്ന ശേഷം ടാർപ്പോളിൻ കൊണ്ട് മൂടി ഒളിച്ചിരിക്കുന്ന നിലയിലാണ് സന്തോഷിനെ പൊലീസ് കണ്ടെത്തുന്നത്.