മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എംടി പത്മ. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷൻ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് എംടി പത്മയായിരുന്നു. 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്നുള്ള നിയമസഭാംഗവുമായിരുന്നു. നിയമത്തിൽ ബിരുദവും ആർട്സിൽ ബിരുദാനാന്തര ബിരുദവും നേടിയ പത്മ കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ ചുമതലകൾ വഹിച്ചു.