Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് ; പരാതിക്കാരന്റെ മൊഴിയെടുത്തു

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരനായ യുവാവിന്‍റെ മൊഴിയെടുത്തു. ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്‍റെ മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ മല്ലികാര്‍ജുന്‍റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്. മൊഴി പരിശോധിച്ച ശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്.

2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്. കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് കർണാടക പൊലീസിന് കൈമാറുകയായിരുന്നു. കേരള പൊലീസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്.

Leave A Reply

Your email address will not be published.