Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

13 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്

Malayalam latest news തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ കലാപാഹ്വാനത്തിനും കേസ്. 13 പ്രവർത്തകർക്കെതിരെയാണ് കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയത്. തിരുവനന്തപുരം വഞ്ചിയൂർ, കന്റോൺമെന്റ് പൊലീസിന്റേതാണ് നടപടി.

വഞ്ചിയൂർ പൊലീസ് ആറുപേർക്കെതിരെയാണു കലാപാഹ്വാനക്കുറ്റം ചുമത്തിയത്. കന്റോൺമെന്റ് പൊലീസ് ഏഴുപേർക്കെതിരെയും ഇതേ കുറ്റത്തിന് കേസെടുത്തു. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച സംഭവത്തിൽ ആകെ 28 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് സ്റ്റേഷനുകളിലായാണു കേസുകളുള്ളത്. പേട്ടയാണ് മൂന്നാമത്തെ സ്റ്റേഷൻ. മൂന്ന് എഫ്.ഐ.ആറുകളുടെ പകർപ്പുകളും മീഡിയവണിനു ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട് തേടിയിരുന്നു.

പ്രതിഷേധത്തിൽ അറസ്റ്റിലായ 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിൽ ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഴുപേർക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവർക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ രാത്രിയാണ് തലസ്ഥാന നഗരി അസാധാരണ സംഭവവികാസങ്ങൾക്ക് സാക്ഷിയായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.

ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട് കേരള സർവകലാശാല കാംപസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ ക്ഷുഭിതനായി ഗവർണർ കാറിൽനിന്ന് ചാടിയിറങ്ങി.

പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു. ഗവർണറെ പൊതുനിരത്തിൽ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave A Reply

Your email address will not be published.