കണ്ണൂർ: പരശുറാം എക്സ്പ്രസിൽ വൻതിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. രണ്ട് കോച്ചുകൾ കൂടി ട്രെയിനിന് അനുവദിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ട്രെയിനിലെ തിരക്കിൽപ്പെട്ട് ഇന്നലെ യുവതി ബോധരഹിതയായിരുന്നു. ഇന്നലെ രാവിലെ ട്രെയിൻ കോഴിക്കോട് എത്താറായപ്പോഴാണ് സംഭവം. ഒരാഴ്ചയ്ക്കിടെ തിരക്കിൽ ശ്വാസംമുട്ടി യാത്രക്കാരി തളർന്നു വീഴുന്ന രണ്ടാമത്തെ സംഭവമാണിത്.നിലവിൽ 21 കോച്ചുകളാണ് പരശുറാം എക്സ്പ്രസിനുള്ളത്. രണ്ടു കോച്ചുകൾ കൂടി പരശുറാമിൽ വർധിപ്പിക്കാൻ കഴിയും. 2018ൽ പരശുറാം എക്സപ്രസിലെ കോച്ചുകൾ കുറച്ചതിനെതിരെ പരാതി ഇയർന്നതിന് പിന്നാലെ കോച്ചുകൾ 22 ആക്കിയിരുന്നെങ്കിലും വീണ്ടും കുറച്ചു. നാഗർകോവിലിൽ പ്ലാറ്റ്ഫോമിന്‍റെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.ട്രെയിനിൽ കോച്ചുകൾ വർധിപ്പിക്കുന്നതിനുവേണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് യാത്രക്കാരുടെ തീരുമാനം. പരുശുറാം എക്സ്പ്രസ് വന്ദേ ഭാരതിനുവേണ്ടി കൊയിലാണ്ടിയിൽ പിടിച്ചിടാതെ കോഴിക്കോട് എത്തിക്കണം. മറ്റു വണ്ടികൾ പിടിച്ചിടാതിരിക്കാൻ വന്ദേ ഭാരതിന്‍റെ സമയം പുനക്രമീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് യാത്രക്കാർ കോടതിയെ സമീപിക്കുന്നത്.
മംഗളുരു – കോഴിക്കോട് എക്‌സപ്രസ് അര മണിക്കൂർ നേരത്തെ പുറപ്പെടണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളിൽ പ്രഥമശുശ്രൂഷാ കിറ്റോ മരുന്നോ ഇല്ലെന്ന റിപ്പോർട്ടും ചർച്ചയാകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷ പോലും നടക്കില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ഗാർഡ് റൂമിലുണ്ടെങ്കിലും ഇത് യാത്രയ്ക്കിടയിൽ ഫലപ്രദമാകില്ല. കോച്ചുകളിൽ മരുന്നും കിറ്റും ഒരുക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.