POLITICAL NEWS-തിരുവനന്തപുരം : കേരള കോൺഗ്രസിന്റെ (ബി) കയ്യിലിരുന്ന സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം തിരിച്ചെടുത്തു.
കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയർമാനായി സിപിഎം നോമിനി എം.രാജഗോപാലൻ നായരെ നിയമിച്ചു മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
മാറ്റിയ വിവരം അറിയില്ലെന്നും ഉത്തരവ് കണ്ടില്ലെന്നുമാണു പ്രേംജിത്തിന്റെ പ്രതികരണം.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രിസ്ഥാനം ലഭിക്കാതെ പോയ കേരള കോൺഗ്രസിന് (ബി) നൽകിയ പ്രധാനപ്പെട്ട പദവിയാണ് കാലാവധി പകുതിയെത്തിയപ്പോൾ തിരിച്ചെടുത്തത്.
കേരള കോൺഗ്രസിന്റെ (ബി) സമ്മതമില്ലാതെയാണ് തീരുമാനം എന്നാണു സൂചന.
കേരള കോൺഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോൾ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയുൾപ്പെടെ നൽകിയാണ് മുന്നാക്ക കോർപറേഷൻ ചെയർമാനാക്കിയത്.
സിപിഎം അനുഭാവിയായ രാജഗോപാലൻ നായർ മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്മെൻറ് ബോർഡ് ചെയർമാനുമായിരുന്നു. മുതിർന്ന അഭിഭാഷകനുമാണ്.
കോർപറേഷൻ ഭരണ സമിതിയാകെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ രണ്ടര വർഷം തികയ്ക്കുമ്പോൾ കെ.ബി.ഗണേഷ്കുമാറിനു മന്ത്രിസ്ഥാനം ലഭിക്കുമെന്നു വാഗ്ദാനമുണ്ടായിരുന്നു. ഈ ഉറപ്പ് പാലിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കയ്യിലുള്ള പദവി കൂടി എടുക്കുന്നത്.