NATIONAL NEWS – മുംബൈ : സംവരണ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി ആളിക്കത്തിയതോടെ, ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് മറാഠാ സമുദായത്തോട് ക്ഷമാപണം നടത്തി.
സമരക്കാർക്കെതിരെ ലാത്തിച്ചാർജ് നടത്താൻ താൻ നിർദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
സംസ്ഥാന ജനസംഖ്യയുടെ 32% വരുന്ന മറാഠാ സമുദായം ഇടയുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉപമുഖ്യമന്ത്രി ക്ഷമാപണത്തിന് തയാറായത്.
എന്നാൽ, ഖേദപ്രകടമല്ല, സംവരണമാണ് വേണ്ടതെന്നു പറഞ്ഞ സമരനേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാരം തുടരുമെന്ന നിലപാടിലാണ്.
സംവരണം അനുവദിച്ച് സർക്കാർ ഉടൻ ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ ജലപാനം പോലും ഉപേക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
മറാഠ ക്രാന്തി മോർച്ചയുടെ പ്രവർത്തകർ മുംബൈയിൽ ഇന്നു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
ഔറംഗബാദ് ജില്ലയിൽ ഇന്നലെ ബന്ദ് ആചരിച്ച സമരക്കാർ ഇന്ന് കോലാപുർ ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്തു.
മുംബൈയിൽ നിന്ന് 450 കിലോമീറ്റർ അകലെ ജൽനയിൽ മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാരം നടത്തുന്ന പന്തലിനു സമീപം വെള്ളിയാഴ്ച സമരക്കാരെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തതാണ് പ്രക്ഷോഭം ചൂടുപിടിപ്പിച്ചത്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മറാഠകൾ നിരത്തിലിറങ്ങി.
പ്രതിഷേധക്കാർ 20 സർക്കാർ ബസുകൾ കഴിഞ്ഞ ദിവസം കത്തിക്കുകയും ഒട്ടേറെ സ്വകാര്യ, സർക്കാർ വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു.