Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ചന്ദ്രനിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിലപ്പെട്ടത്, വരുംദിവസങ്ങളിൽ വിശദീകരിക്കും; പേരിടൽ ആദ്യമല്ല-സോമനാഥ്

NATIONAL NEWS- തിരുവനന്തപുരം : ചന്ദ്രനിൽ നിന്ന് ലഭിച്ച വിവരങ്ങൾ വളരെ വിലപ്പെട്ടതെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ലോകത്ത്‌ ആദ്യമായി ലഭിക്കുന്ന വിവരങ്ങളാണ് ഇവ.
വരും ദിവസങ്ങളിൽ ശാസ്ത്രജ്ഞന്മാർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലത്തിന്റെ പേരിടലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ, ‘പേരിടൽ ആദ്യമല്ല.
ഇന്ത്യയിലെ ഒരുപാട് സ്ഥലങ്ങളുടെ പേര് ചന്ദ്രനിൽ ഉണ്ട്.
ഇന്ത്യക്കാർ അല്ലാത്തവരുടെ ഒരുപാടുപേരുകൾ ഉണ്ട്.
ഓരോ രാജ്യത്തിനും അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ട പേരുകളിടാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദക്ഷിണധ്രുവത്തിലേക്ക് പോകാൻ അമേരിക്ക, ചൈന, റഷ്യ അടക്കമുള്ള ഒരുപാട് രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവർക്കൊന്നും അത് സാധിച്ചില്ല. നിരപ്പായ സ്ഥലം കണ്ടെത്തുക എന്നത് ദക്ഷിണധ്രുവത്തിൽ പ്രയാസകരമാണ്. ഇതാണ് ആ ഭാഗത്ത് പോകുന്നതിന് തടസം. ദക്ഷിണധ്രുവത്തിലേക്ക് പോയ ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് ചാന്ദ്രയാൻ- അദ്ദേഹം പറഞ്ഞു.
14 ദിവസമാണ് സൂര്യപ്രകാശം ലഭിക്കുക. 14 ദിവസം ഇരുട്ടായിരിക്കും. സൂര്യപ്രകാശം ലഭിക്കാത്ത സമയത്ത് റോവറിനേയും ലാൻഡറിനേയും സ്ലീപിങ് മോഡിലേക്ക് മാറ്റും. വീണ്ടും സൂര്യപ്രകാശം വന്ന് എല്ലാ ഭാഗവും ചൂടായി പ്രവർത്തിക്കാൻ പറ്റും എന്ന് മനസ്സിലായാൽ കമ്പ്യൂട്ടർപ്രവർത്തിച്ചു തുടങ്ങും. അങ്ങനെ സംഭവിച്ചാൽ അത് ഭാഗ്യമാണ്. വീണ്ടും ഒരു 14 ദിവസം കൂടി ലഭിക്കും. സൗത്ത് പോളിൽ മൂലകങ്ങളും ജലവും കണ്ടെത്താൻ സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.