Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയെ തമിഴ്‌നാട്ടിൽ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന

NATIONAL NEWS – ചെന്നൈ: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്.
ദക്ഷിണേന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട്ടിൽ മോദിയെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്.
വിജയസാധ്യതയുള്ള മണ്ഡലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ബിജെപിവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

മോദി തമിഴ്നാട്ടിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു.
രാമനാഥപുരത്തുനിന്ന് മോദിയെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ മണ്ഡലത്തിന് പകരം കന്യാകുമാരിയും കോയമ്പത്തൂരുമാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ട്. വാരണാസി മണ്ഡലത്തിൽ ജനവിധി തേടുന്നതിനൊപ്പമാകും മോദി ദക്ഷിണേന്ത്യയിലേക്കും എത്തുക.

രാമനാഥപുരം മണ്ഡലത്തിന് പ്രത്യേകതകൾ ഏറെയുണ്ടെങ്കിലും ബിജെപിയുടെ സംഘടനാസംവിധാനം ഇവിടെ ദുർബലമാണ്.
ഈ സാഹചര്യത്തിലാണ് കന്യാകുമാരി ഉൾപ്പെടെ ബിജെപിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
നേരത്തെ പരിഗണിച്ചിരുന്ന രാമനാഥപുരം മണ്ഡലത്തിലാണ് ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ രാമേശ്വരം ഉൾപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന പദയാത്ത ബിജെപി തുടങ്ങിയതും രാമേശ്വരത്തുനിന്നാണ്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാരുടെ യോഗത്തിൽ മോദി മണ്ഡലത്തിൽ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു.
എന്നാൽ പാർട്ടിയുടെ സംഘടനാസംവിധാനം ദുർബലമാണെന്നതും മുസ്‌ലിം വിഭാഗത്തിന് നിർണായകസ്വാധീനമുള്ള മണ്ഡലമാണിതെന്നതും തിരിച്ചടിയാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എഐഎഡിഎംകെയെ ആശ്രയിച്ച് മാത്രം മത്സരിക്കുന്നതിനേക്കാൾ പാർട്ടിക്ക് രാഷ്ട്രീയാടിത്തറയുള്ള കന്യാകുമാരിയോ കോയമ്പത്തൂരോ മത്സരിക്കാമെന്ന നിലയിലേക്ക് എത്തുകയായിരുന്നു.

കോൺഗ്രസിനും ബിജെപിയ്ക്കും നിർണായക സ്വാധീനമുള്ള തമിഴ്നാട്ടിലെ ഏക മണ്ഡലമാണ് കന്യാകുമാരി.
2014ൽ പൊൻരാധാകൃഷ്ണൻ ഇവിടെനിന്ന് വിജയിച്ചിട്ടുമുണ്ട്. കന്യാകുമാരി അല്ലെങ്കിൽ 2014ൽ രണ്ടാമതെത്തിയ കോയമ്പത്തൂരാകും പാർട്ടി പരിഗണിക്കുക. മോദി മത്സരിച്ചാൽ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഡിഎംകെ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. ഇതിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ഖുശ്ബുവും രംഗത്തെത്തി.

Leave A Reply

Your email address will not be published.