NATIONAL NEWS – മണിപ്പൂർ : കലാപം തുടരുന്ന മണിപ്പുരിലെ മോറെ പട്ടണത്തിൽനിന്നു മണിപ്പുർ പൊലീസിനെ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കുക്കി ഗോത്രസംഘടനകൾ പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറിനകം മണിപ്പുർ പൊലീസിനെ പിൻവലിക്കണമെന്നായിരുന്നു ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ ആവശ്യം.
കുക്കി ഗോത്രക്കാരെ പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആവശ്യത്തോടു സർക്കാർ പ്രതികരിച്ചിട്ടില്ല.
കലാപം ആരംഭിച്ചതിനെത്തുടർന്ന് മെയ്തെയ് വിഭാഗക്കാർ മോറെയിൽനിന്നു പലായനം ചെയ്തിരുന്നു.
മെയ്തെയ്കൾ ഉപേക്ഷിച്ചുപോയ എഴുപതോളം കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം കുക്കി ഗോത്രവിഭാഗക്കാർ തീയിടുകയും ചെയ്തു.
തുടർന്ന് മണിപ്പുർ കമാൻഡോകളെ പട്ടണത്തിൽ വിന്യസിച്ചു.
മണിപ്പുർ പൊലീസിന്റെ കീഴിലുള്ള ഇന്ത്യ റിസർവ് ബറ്റാലിയനും മോറെയിലുണ്ട്. മോറെയിലേക്കുള്ള റോഡുകൾ കുക്കി വനിതകൾ തടഞ്ഞതിനെത്തുടർന്ന് ഹെലികോപ്റ്ററിലാണ് കമാൻഡോകളെ ഇവിടെ എത്തിച്ചത്. മണിപ്പുർ പൊലീസിലെയും കമാൻഡോകളിലെയും വലിയൊരു പങ്ക് മെയ്തെയ്കളാണ്.
മോറെയിൽനിന്ന് സംസ്ഥാന പൊലീസിനെ പിൻവലിക്കുമെന്ന് മണിപ്പുർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിരുന്നതായി കുക്കി സംഘടനകൾ പറഞ്ഞു.
തീവ്ര മെയ്തെയ് സംഘടനകളായ ആരംഭായ് തെംഗോലിന്റെയും മെയ്തെയ് ലീപുണിന്റെയും പ്രവർത്തകർ പൊലീസ് സേനയ്ക്കൊപ്പം നുഴഞ്ഞുകയറിയിട്ടുണ്ടെന്നു സംശയിക്കുന്നുണ്ടെന്നും ഇവർ കുക്കികളെ വേട്ടയാടുമെന്നും ഫോറം പറഞ്ഞു.