Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വൈദ്യുതി പോസ്റ്റുകൾ മോഷ്ടിച്ച് യുവാവ് ; 200 മരതെെകള്‍ നട്ടുവളർത്താൻ നിർദേശം നൽകി ജാമ്യം അനുവദിച്ചു കോടതി

ഭുപനേശ്വർ : വൈദ്യുതി പോസ്റ്റുകൾ മോഷ്ടിച്ച പ്രതിയോട് 200ഓളം മരങ്ങൾ നട്ടുവളർത്താൻ നിർദേശിച്ച് ഒഡീഷ ഹൈക്കോടതി. ആറോളം വൈദ്യുതി പോസ്റ്റുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് കെ പാണി​ഗ്രഹി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ ഡിസംബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് ലക്ഷം രൂപ വിലവരുന്ന ആറ് പോസ്റ്റുകളാണ് പ്രദേശത്തെ വൈദ്യുത വിതരണ കമ്പനിയിൽ നിന്നും മാനസ് ആതി എന്ന യുവാവ് മോഷ്ടിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോലാബിറ പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ചെയ്ത തെറ്റിന് പകരമായി 200 ഓളം മരത്തൈകൾ നട്ടുപിടിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. മാവ്, ആരിവേപ്പ്, പുളി എന്നിവയുൾപ്പെടെയുള്ള പ്രാദേശിക മരത്തൈകൾ നട്ടുപിടിപ്പിക്കണമെന്നാണ് നിർദേശം. സർക്കാർ ഭൂമിയിലോ സ്വകാര്യ സ്ഥലത്തോ തൈകൾ നടാം. രണ്ട് വർഷത്തേക്ക് തൈകളുടെ പരിപൂർണ പരിപാലനം പ്രതി ചെയ്തിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.