ജബൽപുർ : ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് യുവാവിന്റെ അപകട യാത്ര. യാത്ര ചെയ്തത് 250 കിലോമീറ്ററോളം. പൂനെ-ധനാപൂർ എക്‌സ്‌പ്രസിൽ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കാണ് ഇയാൾ യാത്ര ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കാരേജ് ആൻഡ് വാഗൺ ഡിപ്പാർട്ട്‌മെൻ്റ് ജീവനക്കാർ ഇയാളെ പിടികൂടി പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. പതിവ് പരിശോധനയ്ക്കിടെ എസ്-4 കോച്ചിന് താഴെ ഒരു യുവാവ് കിടക്കുന്നത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇയാളുടെ സുരക്ഷയെ കരുതി റെയിൽവേ ജീവനക്കാർ ഉടൻ തന്നെ വയർലെസ് കമ്മ്യൂണിക്കേഷൻ വഴി ലോക്കോ പൈലറ്റിനെ അറിയിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു. തുടർന്ന് യുവാവിനോട് പുറത്തുവരാൻ ജീവനക്കാർ ആവശ്യപ്പെട്ടു. റെയിൽവേ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് ഈ രീതിയിൽ യാത്ര ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം.