അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടർന്നുളള അപകടത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. 16 പേരെ കാണാതായതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 12,000 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്തെ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ ശക്തമായ കാറ്റ് തിരിച്ചടിയാകുമെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ തീ പടരുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മണിക്കൂറിൽ 48 കിലോമീറ്റർ മുതൽ 113 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ഗുരുതരമായ തീപിടിത്ത സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുളളതിനാൽ ബുധനാഴ്ച വരെ റെഡ് ഫ്ലാഗ് മുന്നറിയിപ്പും മേഖലയിലുണ്ട്.
ജനുവരി ഏഴിന് പടര്‍ന്ന ലോസ് ആഞ്ചലസിലെ കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. പതിനായിരക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നിട്ടുണ്ട്. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണങ്ങിയ മരങ്ങളുമായിരുന്നു തീപടരാന്‍ പ്രധാന കാരണം.