കൊച്ചി : ബോബി ചെമ്മണ്ണൂരിന് ജയിലിൽ വെച്ച് വഴിവിട്ട് സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടി. മധ്യമേഖലാ ഡിഐജി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു.ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ അജയകുമാർ ജയിലിൽ എത്തിയിരുന്നു. ഒപ്പം ബോബിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണൂരുമായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകുകയും ഫോൺ ഉപയോഗിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു. ജയിൽ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. തൃശൂർ സ്വദേശികളാണ് ബോബിയെ കാണാനെത്തിയത്. ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം ജയിൽ ഡിഐജിക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.